പാനൂർക്കര ഗവൺമെന്റ് യു.പി. സ്കൂൾ

 

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ പെട്ട തീരദേശ പിന്നാക്ക പ്രദേശമായ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ 13 വാർഡിൽ തൃക്കുന്നപ്പുഴ-തോട്ടപ്പള്ളി റോഡിനു അഭിമുഖമായിട്ടാണ് പാനൂർക്കര ഗവൺമെന്റ് യു.പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ അൻപതിലേറെ വർഷങ്ങളായി വിദ്യയുടെ വെള്ളിവെളിച്ചം പകർന്നുനൽകി തലമുറകളുടെ സുകൃതമായി മാറിയ നമ്മുടെ വിദ്യാലയം തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ആദ്യത്തെ സരസ്വതീക്ഷേത്രമാണ്.

പല്ലന കുറ്റിക്കാട് മുതൽ തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി  വരെയുള്ള തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ 11 മുതൽ  14 വരെയുള്ള വാർഡ് പരിധിയിലാണ് സ്കൂളിന്റെ ഫീഡിങ് ഏരിയ . തത്തേത്ത് , കടുചിറ, ഇലയിലാത്ത് , വാഴത്തുണ്ടിൽ കൊച്ചു പോച്ചയിൽ , മാമ്മുട്ടിൽ , തൈപ്പറമ്പിൽ , എന്നിവയാണ്  സ്കൂൾ പരിധിയിൽ ഉള്ള ഫീഡിങ് അംഗൻവാടികൾ .

വിദ്യാലയ സംക്ഷിപ്‌തചരിത്രം

കഴിഞ്ഞ 400 വർഷങ്ങളായി പ്രദേശത്തു വ്യവസ്ഥാപിത രൂപത്തിൽ ജനങ്ങൾ അധിവസിച്ച് വരുന്നതായി മനസിലാക്കുന്നു . ആ കാലഘട്ടത്തിൽ വിദ്യാഭ്യാസത്തിന്‌ മതിയായ സംവിധാനങ്ങൾ നിലവിൽ ഇല്ലായിരുന്നു .പിൽക്കാലത്തു 1920 കൾക്ക് മുൻപ് തിരുവിതാംകൂർ രാജഭരണകാലത് ശ്രീമൂലം തിരുനാൾ സ്മാരക മുഹമ്മദീയ സ്കൂൾ എന്ന പ്രൈമറി വിദ്യാലയം പ്രവർത്തിച്ചിരുന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു . ബ്രിട്ടീഷ് വാഴ്ചക്കെതിരെ ഖിലാഫത്ത് പ്രസ്ഥാനം വളരെ ശക്തിപ്പെട്ടിരുന്ന ആ കാലത്ത് മഹാഭൂരിപക്ഷം മുസ്ലിങ്ങൾ അധിവസിച്ചിരുന്ന ഈ പ്രദേശത്തും അതിൻറെ നേരിയ ചലനങ്ങൾ ഉണ്ടായി . അതിൻറെ ഭാഗമെന്നോണം വിദ്യാഭ്യാസ സംവിധാനം ബ്രിട്ടീഷ് ഭരണകൂടത്തിൻറെ ചിഹ്നമായിക്കണ്ട് പള്ളികളിലെ മൗലവിമാർ കുട്ടികളെ വിദ്യാലയങ്ങളിൽനിന്നകറ്റുവാനും പള്ളി മദ്രസകളിലേക്ക് അവരെ ആവാഹിക്കുവാനും ശ്രമം നടത്തി . തൽഫലമായി വിദ്യാലയം തൃക്കുന്നപുഴയിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. പിന്നീട് സ്വാതന്ത്ര്യലബ്ധി വരെയുള്ള നീണ്ട 30 വർഷക്കാലം ഈ മേഖലയിൽ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കാൻ സർക്കാർ സംവിധാനങ്ങളോ മറ്റു ഏജൻസികളോ രംഗത്ത് വന്നിരുന്നില്ല .

നീണ്ട ഇടവേളയ്ക്കുശേഷം സ്വാതന്ത്ര്യലബ്ധിയോടുകൂടി പാനൂർ , വരവുകാട്  പ്രദേശത്ത് ‘ഒ’ സാർ  എന്ന് ജനങ്ങൾ സ്നേഹാദരോങ്ങളോടെ വിളിച്ചുപോന്ന ഒ . വേലായുധൻ  സാറിൻറെ സാരഥ്യത്തിൽ ഒരു ഏകാധ്യാപക വിദ്യാലയം നിലവിൽ വന്നു . തുടർന്ന് 1950 ആഗസ്റ്റിൽ ‘ഒ’ സാറിനോടൊപ്പം തൃക്കുന്നപ്പുഴ ദേശക്കാരനായ ഇബ്രാഹിംകുട്ടി സാറും ഉൾപ്പടെ രണ്ടു അദ്ധ്യാപകരുമായി ഇഷ്ടികത്തൂണിൽ ഓലമേഞ്ഞ ഇന്ന് കാണുന്ന കെട്ടിടത്തിൽ ഇന്ന് കാണുന്ന സ്ഥലത്ത് സ്കൂൾ നിലവിൽ വന്നു . 1960 – ൽ 5 ക്ലാസ് വരെ അധ്യയനം നടന്നുവന്നിരുന്നു. പിൽക്കാലത്തു 4 ക്ലാസ് വരെയായി അത് ചുരുങ്ങുകയും 1970 -90 കാലഘട്ടങ്ങളിൽ എത്തിയപ്പോൾ 600 ഓളം കുട്ടികളുള്ള 16 ക്ലാസ്സുകളിൽ എത്തുകയും ചെയ്തു. സ്കൂൾ പുനഃസ്ഥാപിക്കുന്നതിനു പാണ്ഡവത്ത് ശങ്കരപ്പിള്ള, ഹാജി കെ. സി. യുസഫ് ലബ്ബ , കുമ്പളത്ത് മൈതീൻ കുഞ്ഞു ഹാജി , പറയന്തറ ഉമ്മർകുഞ്ഞ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന കൂട്ടായ ശ്രമം അവിസ്മരണീയമാണ്.

മുൻകാലങ്ങളിൽ സർക്കാരിൽ നിന്നും തദ്ദേശഭരണ സ്ഥാപനങ്ങളിൽനിന്നും ലഭിച്ച സാമ്പത്തിക സഹായങ്ങളും പി.റ്റി.എ. യുടെ നിതാന്തജാഗ്രതയോടുകൂടിയ പ്രവർത്തനങ്ങളും കൂടിച്ചേർന്നപ്പോൾ മതിയായ ക്ലാസ്സ്മുറികൾ ലഭ്യമാക്കനും വൈദുതി, ശുദ്ധജലം, ശുചിമുറികൾ , ആധുനിക പഠന സൗകര്യങ്ങൾ , മറ്റ് അത്യാവശ്യ സൗകര്യങ്ങൾ എന്നിവ എത്തിക്കാനും കഴിഞ്ഞിട്ടുണ്ട്.